Search This Blog

Saturday, 11 March 2017

ആദ്യ ബ്ലോഗെഴുത്ത് - ബിന്ദു സാജൻ

ഇത്തവണ സ്കൂൾ വാർഷികത്തിന് പുതിയ ഡ്രസ്സ് വേണമെന്ന നന്ദയുടെ ആവശ്യത്തിന് അച്ഛനോട് പറയൂ എന്ന നിർദ്ദേശത്തോടെ ആശ്വസിച്ചു നിന്നു. പത്തു മിനിറ്റിനകം ഓടി വന്നു അച്ഛൻ സമ്മതിച്ചമ്മേ ഫെബ്രുവരിയിലല്ലേ,,പ്രശ്നമില്ലെന്നു പറഞ്ഞതു കേട്ട്  ഒരു നിമിഷം ശങ്കിച്ചു.  പ്രതീക്ഷിക്കാതെ ഉത്തരം കിട്ടി, ഇനിയെന്ത് പറയേണ്ടു എന്നാലോചിച്ചു നിൽക്കുന്ന, അമ്പരന്നു നിൽക്കുന്ന പാവം അദ്ധ്യാപികയായി ഞാൻ മാറി. വർഷങ്ങളായി എന്നെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഈ പിതൃ-പുത്രീ സ്നേഹം. എന്റെ കുട്ടിക്കാലത്ത് ഏറെ ഭയപ്പെട്ടു നിന്നിരുന്ന ഈ പദം എങ്ങനെയാണ് പുതിയ കാലത്ത് പൊതുവേ മാറിപ്പോയതെന്ന് ആദരവോടും ഒരല്പം അസൂയയോടും കൂടി അവരുടെ ശ്രദ്ധയിൽ പെടാതെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. നാല്പതാം വയസ്സിലും ഭയം കലർന്ന ബഹുമാനത്തോടെ, ഒരു പരിധി വിട്ട് ഒന്നും പറയാൻ കഴിയാതെ ഗൗരവ പൂർണ്ണമായി മാത്രമേ  എനിക്ക് എന്റെ അച്ഛനോട്  സംസാരിക്കാൻ  കഴിഞ്ഞിട്ടുള്ളൂ. ഇവൾ എങ്ങിനെയാണ് അച്ഛനെ   സുഹൃത്താക്കിയതെന്ന ചോദ്യത്തിനു മുന്നിൽ ഉഴലുകയാണ്.
"എട്ടാം ക്ലാസിലായാൽ വലിയ കുട്ടിയായി ആരെ കൊണ്ടും മോശം പറയിപ്പിക്കല്ലേ" എന്ന അമ്മൂമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ചാണ് ഹൈസ്ക്കൂളിലേക്ക്  പോയത്. വർഷം കഴിയുന്നത് വരെ ക്ലാസ്സിലെ ആൺകുട്ടികളെ പരിചയപ്പെട്ടില്ല. ആൺ കുട്ടിയോട് മിണ്ടിയാൽ മോശമായിപ്പോവും എന്ന ധാരണ എന്റെ അരക്ഷിതമായ കൗമാരത്തെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. അൺ കുട്ടികളാണ് നല്ല സുഹൃത്തുക്കളെന്ന് തിരിച്ചറിയാൻ കലാലയ  ജീവിതത്തിലെത്തേണ്ടി വന്നു ക്ലാസ്സിലെ ആൺ സൗഹൃദങ്ങളെക്കുറിച്ച് നന്ദ വാചാലമായി സംസാരിക്കുo. സ്കൂൾ മാറി പോയ ചില കുട്ടികൾ ഇല്ലാഞ്ഞിട്ട് ക്ലാസ്സ് ബോറാണെന്നു പറഞ്ഞപ്പോൾ പേടി തോന്നി.  ചെറുപ്പം എന്നിലേല്പിച്ച ഭയം വിട്ടുമാറാതെ മനസ്സിലുണ്ടായിരുന്നു. ഭർത്താവിനോട് ആശങ്ക പങ്കുവെച്ചപ്പോൾ മറുതലയ്ക്കൽ ഉത്തരം നിസ്സാരമായ മൂളലായിരുന്നു. പിന്നീടുള്ള  ആകാംക്ഷ  പുതിയ കാലത്ത് അമ്മയേക്കാളും അച്ഛൻ കുട്ടികളെ മനസ്സിലാക്കുന്നുണ്ടോ എന്നതു മാത്രമായിരുന്നു.
അപ്രതീക്ഷിതമായി കടന്നു വന്ന ഭർത്താവിന്റെ ചിക്കൻപോക്സാണ് "അവൾ" എത്രത്തോളം അമ്മയെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. "നാളെ മുതൽ അമ്മ ഇവിടില്ല നിന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചോളണം" എന്ന ഉപദേശം കിടക്കാൻ  നേരത്താണ്  നൽകിയത്.   കൈകാലുകൾ എന്റെ ദേഹത്തേക്കിട്ട് ഒട്ടിപ്പിടിച്ചുറങ്ങുമ്പോൾ ഒരു വേവലാതിയും അവൾ പ്രകടിപ്പിച്ചില്ല. പിറ്റേന്നു കാലത്ത് സ്കൂളിലേക്കിറങ്ങുമ്പോൾ തുണി കഴുകിക്കൊണ്ടിരുന്ന എന്റെ അടുത്തേക്ക് ഓടി വന്നു. ഞാൻ യാത്രയയക്കാൻ ചെന്നപ്പോൾ, തിരിഞ്ഞു നോക്കി റ്റാ റ്റാ പറഞ്ഞു.  ആ ഹൃദയവേദന ഓടിച്ചു കൊണ്ടിരുന്ന സൈക്കിളിന്റെ ചരിയലിൽ  ഞാനറിഞ്ഞു. അവധി ദിവസങ്ങളിൽ ചേച്ചിയുടെ വീട്ടിൽ താമസിക്കാൻ പോയി, രണ്ടു ദിവസം സന്തോഷിച്ചെന്നറിഞ്ഞപ്പോൾ എത്രയോ എനിക്ക് ആശ്വാസം തോന്നി. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ഉടൻ  ഫോണിലൂടെ   സിനിമാ കഥയുടെ വിശദീകരണമായിരുന്നു.  തിരക്കിട്ട പണികൾക്കിടയിൽ വല്ലാത്തൊരു വിങ്ങലോടെ എല്ലാം മൂളിക്കേട്ടു. രണ്ടു ദിവസം കൊണ്ട് ഞാനും അവളെ മിസ്സ് ചെയ്യുന്നത് തിരിച്ചറിഞ്ഞു.  എത്ര മനോഹരമായാണ് അവൾ കഥ വർണ്ണിക്കുന്നതെന്നാലോചിച്ചപ്പോൾ കുട്ടിക്കാലത്ത വിഷുവിന് മാമന്റെ കൂടെ സിനിമ കണ്ട് വന്ന് ആ കഥ മുഴുവൻ അമ്മയെ പറഞ്ഞു കേൾപ്പിക്കുന്ന നാലാം ക്ലാസ്സുകാരിയിലേക്ക് മനസ്സ് പാഞ്ഞു.
എല്ലാ ദിവസവും സ്കൂൾ വിട്ട് വന്ന് എന്റെ വരവിനു കാത്ത് നിന്ന് കാക്കയുടെ കൗശലത്തോടെ മൊബൈൽ ഫോൺ എടുത്തോടും.  അതിൽ കളിക്കാനിരിക്കുന്ന അവളേ റേഡിയേഷനും നാമജപ സമയവും ഓർമിപ്പിക്കാൻ സമയം പാഴാക്കി.  മേശമേൽ കാലും കയറ്റി വച്ചിരുന്ന് ഗ്രൂപ്പുകളിൽ പരതി ( എന്റെയും) നടക്കുന്ന അവൾ ഇതിനൊക്കെ അഡിക്ടാവുമോ എന്ന വേവലാതിയായിരുന്നു മനസ്സ് നിറയെ.  ഇതേ നന്ദ ഞാനവിടെ ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ ഉടൻ എന്നെ വിളിക്കുകയും സാധാരണ പോലെ സ്കൂൾ, ടീച്ചഴ്സ്, ഡ്രാമ, വി ശേഷങ്ങൾ പറഞ്ഞ് കുളിക്കാൻ പോവുകയും ചെയ്തു. ഒരു ചൊവ്വാഴ്ച രാത്രി എന്നെ ഫോണിൽ Video Call ചെയ്യാം എന്ന് പറഞ്ഞപ്പോൾ, "അമ്മയ്ക്കിതൊന്നും അറിയില്ല എന്ന്  തുറന്നു പറഞ്ഞു. "അങ്ങനെയല്ലേ പഠിക്കുക" എന്ന് പറഞ്ഞ് വീഡിയോ കോൾ ചെയ്യാൻ പഠിപ്പിച്ച് എന്റെ ശിഷ്യത്വം ഏറ്റെടുത്തു. ഒരേ  സമയം അച്ഛനോടും അമ്മയോടും സംസാരിച്ച്  വീണ്ടും എന്നെ അമ്പരപ്പിച്ചു. മതിവരാതെ വീണ്ടും വീണ്ടും വിളിക്കുമ്പോൾ അവളുടെ കുഞ്ഞു മനസ്സിൽ നിറയെ ഒളിപ്പിച്ചു വച്ച തേൻ കൂട് അനുഭവിച്ചറിയുകയായിരുന്നു ഞാൻ. ഇതൊന്നും ഇല്ലെന്നു കരുതി വെറുതെ എന്തൊക്കെ ഉപദേശങ്ങൾ അവൾക്ക് നൽകി?
ഹൃദയബന്ധങ്ങൾക്കു ആത്മാർത്ഥതയില്ലാത്ത കാലത്തിന്റെ  മരവിപ്പിലായിരുന്നു  ഇക്കാലമത്രയും.  ജീവിതം യാന്ത്രികമായിത്തുടങ്ങി. എല്ലാ  വേദനകളും നേരിട്ടല്ലെങ്കിലും തുറന്നു  പറഞ്ഞാൽ  അദൃശ്യമായി വന്ന് തലോടുന്ന അമ്മയോട് എനിക്കുള്ള ബന്ധം എന്റെ മകളും തുടരുന്നു. ഇന അറിവ്  ജീവിതത്തോടുള്ള പോസിറ്റീവ് മനോഭാവം എന്നിലുണർത്താൻ തുടങ്ങിയിരിക്കുന്നു. ഒരു ശക്തിക്കും മാറ്റിയെടുക്കാൻ കഴിയാത്ത ഈ സ്നേഹത്തിനു മുന്നിൽ തളരുന്നു. എന്നെ സ്നേഹിക്കാൻ ഒരാളുണ്ടെന്ന ബോധത്തിനു മുന്നിൽ കുളിരണിയുന്നു. എനിക്ക് കിട്ടാതെ പോയ കരുതലും, സ്നേഹവും, തലോടലും, ആശ്വാസവും പതിന്മടങ്ങ് നല്കിയാൽ എന്റെ മകൾ മോശമാവുമെന്ന ധാരണ പാടേ മാറ്റി അവളേ പൂർണ്ണമായി സ്നേഹിക്കാനും പ്രതീക്ഷയോടെ ജീവിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

7 comments:

  1. പ്രിയപ്പെട്ട ബിന്ദുടീച്ചർ,
    ടീച്ചറുടെ എഴുത്ത് വളരെയേറെ ഹൃദയസ്പർശിയായി.....

    ReplyDelete
  2. ടീച്ചർക്കും കുടുംബത്തിനും സ്നേഹാശംസകൾ...
    by
    റീജ ശ്രീധരൻ

    ReplyDelete
  3. ടീച്ചർക്കും കുടുംബത്തിനും സ്നേഹാശംസകൾ...
    by
    റീജ ശ്രീധരൻ

    ReplyDelete
  4. ടീച്ചറുടെ വാക്കുകൾ ഓരോ അമ്മയുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ് ,ചിന്തിപ്പിയ്ക്കുന്നതാണ് .

    ReplyDelete
  5. Really touches my heart mam
    All the best wishes to you and your lovely family-- Hima

    ReplyDelete

  6. Aksharangale anubavangalkondu alangarikunnath eathramanoharamanu....

    ReplyDelete
  7. All the best teacher....I hope v vl meet soon

    ReplyDelete

Contributors