മങ്ങാത്ത ചിത്രങ്ങൾ
ഓരോ നാടും പൂർവ ചരിത്രങ്ങളാലും മിത്തുകളാലും കെട്ടുപിണഞ്ഞിരിക്കും.
അതിന് സാക്ഷികളാവുക അവിടത്തെ സാധാരണ മനുഷ്യരും.
എൻറെ ഗ്രാമവും, ബാല്യ കൗമാരങ്ങളെ സ്വാധീനിച്ച കുറെയേറെ മനുഷ്യരെയും ഓർമ്മിക്കാൻ
വല്ലാത്ത സുഖമാണിന്ന്. എന്നും എന്റെ ഓർമ്മകളിൽ
കടന്നുവരാറുള്ള ആദ്യത്തെ മാതൃക എൻറെ അമ്മ തന്നെയാണ്. അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരി
ആണ് അച്ഛന്റെ പെങ്ങൾ ആയ രോഹിണി മൂത്തമ്മ . ജീവിച്ചിരിക്കുന്നില്ലെങ്കിലും ദിവസം ഏതെങ്കിലും
ഒരു സമയം അവർ മനസ്സിൽ എത്തും. കട്ടൻകാപ്പിയും പഴുത്ത വരിക്ക ചക്കയും തക്കാളി കറിയും
ഇന്നും എന്റെ നാവിൽ ഉണ്ട് . ബാലാരിഷ്ടതകൾ വല്ലാതെ
അലട്ടിയ ബാല്യമായിരുന്നു എന്റെത്. അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ എന്റെ സംരക്ഷണം
മൂത്തമ്മ ഏറ്റെടുക്കും. ഞാൻ അവിടെ എത്തിയാൽ മൂത്തമ്മയുടെ ഇളയമകനും എന്റെ സുഹൃത്തുമായ
സുനി സ്കൂളിൽ പോകാതെ കളിക്കാനായി കാത്തുനിൽക്കും
. തറവാടിന്റെ ഇടതുഭാഗത്തു കൂടി തെളിനീരായി
ഒഴുകുന്ന തോട്ടിൽ നിന്ന് പരൽ മീനുകളെ പിടിക്കുകയായിരുന്നു ഞങ്ങളുടെ ഹോബി. പകൽ 12 മണി
ആകുമ്പോഴേക്കും ഞങ്ങളോട് വേഗം വീട്ടിൽ കയറി ഇരിക്കാൻ പറയും. കാരണം അതിലൂടെ “വരവുണ്ട്”
എന്നായിരുന്നു . ഞങ്ങളെ തിരിച്ചുവിളിക്കാനുള്ള ഒരു തന്ത്രമായാണ് ഞാനന്ന് അതിനെ കണ്ടത്. പന്ത്രണ്ടരയ്ക്ക് ആകാശവാണിയിൽ വയലിൻ
വായിക്കുമ്പോൾ ഞങ്ങൾക്ക് ചോറും കിട്ടും. ആകെ ഉണ്ടാകുന്ന ഒരു അയിലയുടെ ഒരു കഷണം എനിക്ക്
ഉണ്ടാകും. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചു പോയ മൂത്തമ്മ എങ്ങനെയാണ് ഏഴു മക്കളെ
വളർത്തി അവരുടെ കല്യാണം കഴിപ്പിച്ചതെന്ന് എനിക്കിപ്പോഴും
അത്ഭുതം തന്നെയാണ്. എല്ലാ സഹോദരന്മാരെയും വളരെ ബഹുമാനത്തോടും പേടിയോടെയുമാണ് അവർ കണ്ടത്. ഞങ്ങളൊക്കെ വളർന്ന്, സുനി പണികഴിപ്പിച്ച പുതിയ
വീട്ടിലേക്ക് താമസം മാറിയപ്പോഴും ഞാനും അവരും തമ്മിൽ വല്ലാത്തൊരു ലിങ്ക് ഉണ്ടായിരുന്നു.
വയ്യാത്ത സമയത്തൊക്കെ ‘ഒന്നും വയ്യ മോളെ’ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എൻറെ പ്രസവശുശ്രൂഷ
ഒക്കെ മൂത്തമ്മ യാണ് ചെയ്തു തന്നത്. ആര്യ മോൾ സ്കൂൾ വിട്ടു വരുമ്പോൾ വാൻ ഇറങ്ങുന്നത്
മൂത്തമ്മയുടെ മൂത്തമകളായ വത്സല ചേച്ചിയുടെ വീടിനു മുന്നിലാണ്. ഇല്ലാത്ത പൈസ പെറുക്കിക്കൂട്ടി
അവൾക്ക് അപ്പവും ചായയും കൊടുത്തു നിർത്തും. അതിന് പ്രത്യേക രുചി ആണെന്ന്
എൻറെ മോള് തന്നെ പറഞ്ഞിട്ടുണ്ട്.
സ്നേഹത്തിൻറെ മറ്റൊരു രൂപം അച്ഛൻറെ മൂത്ത ജേഷ്ഠനായ
കൃഷ്ണൻ മുത്തച്ഛൻ ആയിരുന്നു. വെറുതെയിരിക്കാൻ നേരമില്ലാതെ കൃഷിപ്പണിയും പശുക്കളെ നോട്ടവുമായി
ജീവിച്ച മനുഷ്യൻ. എന്നെ കണ്ടാൽ നല്ല പശുവിൻപാലിൽ റവ പായസം ഉണ്ടാക്കി തരുവാൻ പറയും.
അന്ന് വീട്ടിൽ പശുക്കളില്ല . അവധി ദിവസങ്ങളിൽ വൈകുന്നേരം മൂത്തച്ഛൻറെ വീട്ടിൽ പോയാൽ
ഒരു ഗ്ലാസിൽ നിറയെ പാൽ തരും . വാഴക്കറ നിറഞ്ഞതാണെങ്കിലും വെള്ളമുണ്ടും ബനിയനും ഇട്ട്
പശുക്കളുടെ കൂടെയോ പറമ്പിലോ പണി ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം കാണുമ്പോഴൊക്കെ മനസ്സുതുറന്ന് മോളെ എന്ന്
വിളിക്കുന്നത് ഇപ്പോഴും കേൾക്കാം.
ഞങ്ങളുടെ വീടിന്റെ കുറച്ച്
അപ്പുറത്തായി കാടുപിടിച്ചുകിടക്കുന്ന വണ്ണാൻകണ്ടി എന്നറിയപ്പെടുന്ന സ്ഥലമുണ്ട്. നട്ടുച്ചക്കും
സന്ധ്യക്കും ഒന്നും ആരും അതിനടുത്തേക്ക് പോകാറില്ല.
അച്ഛൻറെയൊക്കെ ചെറുപ്പത്തിൽ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും തെയ്യങ്ങൾ നിറഞ്ഞാടിയിരുന്ന
സ്ഥലമായിരുന്നു എന്നും, ചൂടുകാലത്ത് പാള വിശറി കൊണ്ട് വീശി പല പഴയ കഥകളും പറയുന്ന അച്ഛൻറെ
വാക്കുകളിൽ നിന്ന് അറിയാൻ കഴിഞ്ഞു. അവിടെ രണ്ടു വീടുകളിലായി താമസിച്ചിരുന്നവർ ആണ്ടി
പണിക്കരും മാതുഏടത്തിയും ‘ദെച്ചുവേടത്തി’ എന്ന്
ഞങ്ങൾ വിളിക്കുന്ന ലക്ഷ്മിഏടത്തിയും മക്കളും ആയിരുന്നു. എല്ലാവർഷവും വിഷു തലേന്നും
ആവശ്യമുണ്ടെങ്കിൽ വിളിച്ചാലും വെള്ള മുണ്ടും, വെള്ള ബ്ലൗസും ചുമലിൽ ഒരു വെള്ള തോർത്തും ഇട്ട് അവർ വരും. പണ്ട് നമ്മുടെ നാട്ടിലെ
ഗൈനക്കോളജിസ്റ്റ് ആയിരുന്നു അവരുടെ അമ്മ. പാരമ്പര്യമായി ഇത്തരത്തിലുള്ള ഒരുപാട് കഴിവുകൾ
അവർക്കും കിട്ടിയിരുന്നു. എന്റെ അമ്മയും തറവാട്ടിലെ മറ്റെല്ലാവരും അവരോട് കാണിച്ചിരുന്ന
ആദരവും സ്നേഹവും എന്റെ മനസ്സിലും വേരോടി. പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ
അവർക്ക് പ്രത്യേക കഴിവായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും വേണ്ട എല്ലാ ഉപദേശങ്ങളും നൽകി
ആശ്വാസം പകരുമായിരുന്നു.
പണ്ടത്തെ ചരിത്രങ്ങളും
മനോഹരമായ കഥകളും എനിക്കു പറഞ്ഞു തന്നിരുന്ന മറ്റൊരാൾ നാട്ടുകാർ ‘ഉണ്ടാലി’ എന്നും ഞാൻ
‘ഉമ്മാച്ചി’ എന്നും സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞിമാത ചേച്ചിയായിരുന്നു. അച്ഛന്റെ ഇളയമ്മയായി വരും. മോളേച്ചി ട്രെയിനിങ്ങിന് പോയപ്പോൾ
ഞാനും അച്ഛനും വീട്ടിൽ തനിച്ചായി . ആരും പറയാതെ ഒരു ദിവസം രാത്രി ഓലച്ചൂട്ടു വീശി പല്ലില്ലാത്ത
മോണ കാട്ടി ചിരിച്ച് , "എൻറെ മോള് ഒറ്റക്കായി പോകുമല്ലോ എന്നോർത്ത് സമാധാനമില്ലാതെ
ഞാനിങ്ങു പോന്നു’ എന്നുപറഞ്ഞ് ചൂട്ടു കുത്തിക്കെടുത്തി കേറി വന്നു. അവരിൽ നിന്നാണ്
ആണ് രാമൻപണിക്കരുടെയും അവരുടെ മക്കളായ ആണ്ടിപണിക്കരുടെയും ,ചന്തുപണിക്കരുടെയും കഥകൾ കേട്ട് അറിഞ്ഞത്. പല തമാശകളും പറഞ്ഞ് ഞങ്ങൾ
പൊട്ടിച്ചിരിക്കും. എനിക്ക് വിഷമം വരുമ്പോൾ ആശ്വസിപ്പിക്കും. ഉമ്മാച്ചി കല്യാണം കഴിച്ചിട്ടില്ല.രാവിലെ
മുതൽ പറമ്പിലെയും പാടത്തെയും ജോലികൾക്കായി ഇറങ്ങും. ചിലപ്പോൾ ഉച്ചയൂണ് പോലും മറക്കും.
ചായ ആയിരുന്നു അവരുടെ വീക്നെസ്. വയലിൽ ഉള്ള പീടികയിലേക്ക് ഓടുന്ന ഓട്ടം കണ്ടാൽ അറിയാം
ചായയുടെ സമയമായെന്ന്. എൻറെ അമ്മയെ അവർക്ക് വലിയ കാര്യം ആയിരുന്നു എല്ലാദിവസവും അവരെപ്പറ്റി
പറഞ്ഞു കരയും . രാമൻ പണിക്കർ പണ്ട് സന്ധ്യക്ക്
എപ്പോഴും നാമം ചൊല്ലൽ ഉണ്ടായിരുന്ന കാര്യം വിവരിക്കുകയും , പല്ലില്ലാത്ത കല്ല്യാണി
ഏട്ടത്തി ‘ശംഭോ ശിവ’ എന്ന് പറയേണ്ടത് ‘ശംഭോ ശഭ’ എന്ന് പറയുന്നത് ആയിരം വട്ടം പറഞ്ഞ് തലതല്ലി
ചിരിക്കും. അടുത്തത്, “പളനിയിൽ നിന്നും കൊണ്ടുവന്ന
കളഭം എന്തൊരു വാസനയാ” - എന്നത് കല്യാണി ഏടത്തി
പറയുമ്പോൾ “ദളനീന്ന് കൊണ്ടോന്ന ഗളഗം എന്തൊരു വാദനയാ” - എന്നാണ് പറയുകയെന്ന് ഒരു ദ്വിഭാഷിയെ
പോലെ എനിക്ക് പറഞ്ഞു തരും. ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഞാനും കളയാറില്ല. ഒരു നല്ല
പഴഞ്ചൊല്ല് ‘പാപന്റെ കൂടെ ശിവനും കൂടിയാൽ ശിവനും പാപൻ ആയിടും’ - എന്നായിരുന്നു
. പാപൻ നമ്മളെ തെറ്റിലേക്ക് നയിക്കുന്ന ആളാണെന്ന വലിയ അറിവ് എനിക്കു നൽകിയത് അവരാണ്. പച്ചക്കറി മാത്രം കഴിക്കുന്ന ഉമ്മാച്ചി
വലിയ മുരുക ഭക്തയാണ്. ചെറുപ്പത്തിൽ കാൽനടയായി സഞ്ചരിച്ച് വീടുകളിൽ നിന്നും ദക്ഷിണ വാങ്ങി പഴനിയിലേക്ക് പോയ
കാര്യം ഒക്കെ വർണ്ണിച്ചപ്പോൾ മനസ്സുകൊണ്ട്
ഞാനും മല ചവിട്ടി .
ആത്മാർത്ഥതയോടെ എന്നെ
സ്നേഹിച്ച മറ്റൊരാൾ പരപ്പറ്റ കുഞ്ഞാണേട്ടനായിരുന്നു. ഭാര്യ മരിച്ചതിനു ശേഷം മകളെ കല്യാണം കഴിപ്പിച്ചു വിട്ട് ജേഷ്ഠനായ കിട്ടേട്ടന്റെ
വീട്ടിൽ ആണ് താമസം. എനിക്ക് കോളേജ് അവധിയുള്ള ദിവസങ്ങളിലും ചിലപ്പോൾ വൈകുന്നേരങ്ങളിലും വീട്ടിൽ
ഉണ്ടാവും. അവധി ദിവസങ്ങളിൽ രാവിലെ വന്നാൽ സന്ധ്യ ആകുമ്പോഴേ പോകൂ. എന്നെ ‘ഇന്ദൂ’ എന്നാണ്
വിളിക്കാറ്. എന്റെ കറികളെ കുറിച്ച് എപ്പോൾ അഭിപ്രായം ചോദിച്ചാലും "നല്ലതാ ഇന്ദു"
എന്നു മാത്രം പറയും. ഊണ് കഴിഞ്ഞാൽ ഉമ്മറത്തെ ബെഞ്ചിൽ കിടന്ന് സുഖമായി ഉറങ്ങും. വൈകീട്ട്
ചായ കുടിച്ചതിനുശേഷം മെല്ലെ തിരിച്ചു പോകും. കോളേജിൽ നിന്നും വരുമ്പോൾ വഴിയിലെ ചായക്കടയിൽ
നിൽപ്പുണ്ടാകും. ഒന്നുരണ്ട് ബസ് നിർത്താതെ പോയി അല്പം ലേറ്റ് ആയാൽ ‘ന്താ വൈകിയേ’ എന്ന്
വേവലാതിയോടെ ചോദിക്കും. ഓണം വിഷു കളരിക്കൽ ക്ഷേത്രത്തിലെ തെയ്യം ഇതൊക്കെയായിരുന്നു
ഞങ്ങളുടെ സംസാരം. ഉമ്മാ ച്ചിയും കുഞ്ഞാണേട്ടനും
അപൂർവ്വമായി മാത്രമേ കണ്ടുമുട്ടു കയുള്ളൂ. കണ്ടാൽ പഴയ പാട്ടുകളും തമാശകളും പൊട്ടി
വിടരും .പാട്ടുകളൊക്കെ ബാക്കിയാക്കി കുഞ്ഞാണേട്ടൻ പോയപ്പോൾ വലിയൊരു തണൽ വൃക്ഷം മുറിഞ്ഞു വീണത് പോലെ
ആയിരുന്നു. സംരക്ഷണത്തിന്റെയും, കലർപ്പില്ലാത്ത സ്നേഹത്തിന്റെയും വലിയ പാഠശാല ആയിരുന്നു
രണ്ടുപേരും . ഉമ്മാച്ചി പഴയ ഓർമ്മകളുമായി ഇപ്പോഴുമുണ്ട്.
എന്നെ ഞാനാക്കിയ മറ്റൊരാൾ
രാധ ചേച്ചിയാണ്. അച്ഛന്റെ ഇളയമ്മയുടെ മകൾ. എന്റെ ചെറുപ്പത്തിൽ തന്നെ അവർ വീട്ടിൽ വരാറുണ്ടായിരുന്നു.
ഞങ്ങൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യും. അവരും അമ്മയും നല്ല കൂട്ടായിരുന്നു. അടുക്കള ജോലികൾ
ചെയ്യാൻ എന്റെ മാതൃക അവരായിരുന്നു. ബിരുദ പരീക്ഷയുടെ കാലത്ത് , വീട്ടിലെ പണി കാരണം
പഠിക്കാൻ സമയം കിട്ടാതെ വന്നപ്പോൾ തലേദിവസം എങ്കിലും സ്വസ്ഥമായി പഠിക്കാൻ വേണ്ടി ഒന്നു
വരുമോ എന്ന് രാധേച്ചിയോട് ചോദിച്ചപ്പോൾ "ഞാൻ വന്നിട്ട് എല്ലാം ചെയ്തോളാം, നീ പഠിച്ചോളൂ
" എന്ന് പറഞ്ഞ് പരീക്ഷ ഉള്ള ദിവസങ്ങളിലും, അവർക്ക് പറ്റുമ്പോൾ എല്ലാം കുറച്ചകലെയുള്ള
വീട്ടിൽനിന്ന് നടന്നുവന്ന് എന്നെ ഒരു ഡിഗ്രിക്കാരി ആക്കിയ അവരെ ഒരിക്കലും മറക്കാനാവില്ല.
ആ കരുതലിനും സ്നേഹത്തിനും മുന്നിൽ തല കുമ്പിടുന്നു.
ബിരുദ പഠന കാലത്ത് കോളേജിൽ
നിന്നും വീട്ടിലെത്തിയാൽ , എനിക്ക് സംസാരിക്കാൻ ഉള്ളവർ പശുക്കളും കോഴികളും ആയിരുന്നു.
അത്തരം ഏകാന്തതകളെ തച്ചുടച്ചു കൊണ്ട് ഇടയ്ക്കിടെ ഓടിയെത്തുന്ന വിനിചേച്ചിയാണ് സ്നേഹത്തിന്റെ
മറ്റൊരു രൂപം. അന്ന് ഹിന്ദി വിശാരദ് കോഴ്സ് കഴിഞ്ഞ്, വൈകുന്നേരമാകുമ്പോൾ പുതിയ എന്തെങ്കിലും
വാർത്തകളുമായി ഓടിയെത്തും. ഞങ്ങളുടെ അടുത്ത ബന്ധു കൂടിയാണ് അവർ. അവരുടെ അനിയത്തിയെക്കാൾ
ഏറെ എന്നോടാണ് സംസാരിക്കുക. വിനിയേച്ചി വഴി
ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അവർ മുൻകൈയെടുത്തത് കൊണ്ടാണ് നമ്മുടെ നാട്ടിലെ
എടപ്പാടി കളരി ക്ഷേത്രത്തിലെ എല്ലാ തെയ്യങ്ങളും
ഉറക്കം ഒഴിഞ്ഞിരുന്നു ഞാനും ചേച്ചിയും കണ്ടത്. എന്നെ ഓലൻ കറി വെക്കാൻ പഠിപ്പിച്ചതും
അവരാണ്. അന്നവരുടെ കാലിന് അലർജി പോലുള്ള അസുഖം വന്നു. വേദന സ്ഹിക്കുമ്പോഴും ചിരിച്ചുകൊണ്ട്
ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ അച്‌ഛാച്ചന് ഇഷ്ടപ്പെട്ട പേരകുട്ടി
ആയിരുന്നു അവർ. വീട്ടിലെ ജോലികൾ ഒന്നും ചെയ്യാതെ അങ്ങുമിങ്ങും ഓടിക്കളിക്കുന്നതിനാൽ
ഒരു പെൺകുട്ടിക്ക് കേൾക്കേണ്ടിവന്ന എല്ലാ ആവലാതികളും അവർക്കും കിട്ടിയിരുന്നു ഏങ്കിലും
അച്‌ഛാച്ചന്റെ ബലത്തിൽ അവർ രാജകുമാരിയെപ്പോലെ ജീവിച്ചു. പുതിയ പാവാടയും ബ്ലൗസും , അലർജി
ഇല്ലാത്ത ചെരിപ്പുകളും അച്ഛാച്ചൻ വാങ്ങിക്കൊടുത്താൽ ആദ്യം കാണിക്കുക എന്നെയാണ്. അവരുടെ പാവാടയും ബ്ലൗസുമൊക്കെ
കോളേജിൽ പോകുമ്പോൾ എനിക്കും ഇടാൻ തരും . കല്യാണ ആലോചനകൾ കുറെ വന്നെങ്കിലും ഒന്നിനും
സമ്മതിക്കാതെ ഊരി നടന്നിരുന്ന വിനിയേച്ചിക്ക് ആറാം മൈലിൽ നിന്നു വന്ന വത്സേട്ടനെ ഇഷ്ടായി.
അവർ പെണ്ണു കാണാൻ വന്നപ്പോൾ ഉണ്ടായ ഓരോ സീനും എന്റെ മുന്നിലൂടെ കടന്നു പോയി. കല്യാണമടുത്തപ്പോൾ
ഒരു പലകയിൽ എന്നെ കയറ്റി നിർത്തി മാലയിടാൻ എത്തുമോ എന്നുള്ള ട്രയൽ കൂടി ഞങ്ങൾ നടത്തിയിരുന്നു.
കല്യാണം കഴിഞ്ഞു പോയപ്പോൾ വല്ലാത്തൊരു ശൂന്യത എനിക്ക് അനുഭവപ്പെട്ടെങ്കിലും . വിനിചേച്ചി
സന്തോഷവതിയായി കണ്ടതിൽ ആശ്വാസം കണ്ടെത്തി.
ചേട്ടന്റെ കൂടെ ബോംബെയിലേക്ക് പോയതിനുശേഷം മൂത്തമകനെ പ്രസവിക്കാൻ അവർ നാട്ടിൽ
വന്നു. വീർത്ത വയറും വെച്ച് പഴയ അതേ സ്നേഹത്തോടെ ഓടിവന്നത് ഇന്നും ഓർക്കുന്നു. എൻറെ
കല്യാണത്തിന് വരാൻ പറ്റിയില്ലെങ്കിലും കൊടുത്തയച്ച സ്വർണമോതിരം ഇന്നും ഞാൻ അമൂല്യമായി
സൂക്ഷിക്കുന്നു. ഓരോ വരവിലും പഴയതുപോലെ എന്നെ നീട്ടി വിളിക്കുന്നു. ആരോടും പറഞ്ഞറിയിക്കാനാവാത്ത
മാനസിക ബന്ധം ഉള്ള കുറേ പേരുണ്ട് ഇങ്ങനെ .
എടപ്പാടി കളരി ഭഗവതി
ക്ഷേത്രത്തിലെ ഉത്സവമാണ് എന്റെ ഗ്രാമത്തിന്റെ ആഘോഷം. ഡിസംബറിന്റെ അവസാന മൂന്ന് ദിവസങ്ങൾ
ചെറുപ്പത്തിൽ എനിക്ക് ആവേശമായിരുന്നു എല്ലാ
ബന്ധുവീടുകളിലും കല്യാണം കഴിഞ്ഞു പോയ വരും മറ്റുള്ള ബന്ധുക്കളും വന്നെത്തും. ഇന്ദുലേഖ
കർത്താവ് ഒയ്യാരത്തു ചന്തുമേനോന്റെ തറവാട് ക്ഷേത്രമാണിത്. നോവലിൽ ക്ഷേത്രത്തിലെ പ്രധാന ദേവതയായ ശ്രീ പോർക്കലി ഭഗവതിയെ
സാക്ഷിനിർത്തിയാണ് മാധവന് ഇന്ദുലേഖയെ വിവാഹം
ചെയ്തു നൽകില്ല എന്ന് കാരണവരെ കൊണ്ട് സത്യം ചെയ്യിപ്പിക്കുന്നത്. വിഷ്ണുമൂർത്തി , ഭൈരവൻ,
ഗുളികൻ , രക്തചാമുണ്ഡി, ശാസ്തപ്പൻ , ഉച്ചിട്ട ഭഗവതി, എന്നീ ദൈവങ്ങളും ഇവിടെയുണ്ട്. എന്റെ ചെറുപ്പത്തിൽ അവിടെ കോമരം ആയിരുന്നത് അച്ഛൻറെ അമ്മാവനായിരുന്നു.
ക്ഷേത്രത്തിൽ തെക്കേ കോട്ടം എന്ന ഭാഗം ഉണ്ട് . ഒരുപാട് വള്ളിപ്പടർപ്പുകൾ ഒക്കെ പടർന്നുപന്തലിച്ച
പേടിപ്പെടുത്തുന്ന ഒരു സ്ഥലം. ദേവീദേവന്മാരുടെ ആരൂഢവും , പുറപ്പാടും ഇവിടെയാണ്. വല്യമ്മാവൻ
വ്രതശുദ്ധിയോടെ ചുവന്നപട്ടു ചുറ്റി അവിടെ കർമ്മങ്ങൾ ചെയ്തു നിൽപ്പുണ്ടാകും. ചെറുതായ
എന്നെയും കൂട്ടി അച്ഛൻ അവിടേക്ക് പോകുമ്പോൾ ഉള്ളു നിറയെ പേടിയായിരുന്നു ഇറങ്ങാനിരിക്കുന്ന
തെയ്യങ്ങൾ മുഖത്തെഴുത്ത് നടത്തുന്നതും അവിടെയാണ്.
എന്നെ കണ്ടാൽ നെറുകയിൽ തലോടി കൈയ്യിലേക്ക് പ്രസാദം വച്ച് തരുന്ന വല്യമ്മാവൻ തലമുറകളിലേക്ക്
ഒഴുകിയ സ്നേഹത്തിന്റെ നീരുറവയായിരുന്നു. എല്ലാ ദൈവങ്ങളുടെയും വെള്ളാട്ടം കഴിഞ്ഞ് ശ്രീ
പോർക്കലി ഭഗവതി യുടെ കുളിച്ച് എഴുന്നള്ളത്ത് വരവോടെയാണ് തെയ്യം ആരംഭിക്കുക. പുലർച്ചെ
രണ്ട് മണിക്ക് ആയിരിക്കും ഈ ചടങ്ങ്. മനോഹരമായ കാഴ്ചയും അതാണ് . ചൂട്ടു കെട്ടുകളുടെ
പ്രഭയിൽ മുല്ല മാലയണിഞ്ഞ ദേവിയുടെ ആട്ടം ഭക്തിനിർഭരമാ യിരുന്നു. ഇത് കാണാൻ എല്ലാ നാട്ടുകാരും
എത്തും. ഇത്തിരി ക്ഷീണം തീർക്കാൻ കിടക്കുന്ന വാദ്യമേളകാരൊക്കെ ഉഷാറായി രംഗത്തിറങ്ങും. കമ്മിറ്റി ഓഫീസിൽ തലചായ്ച്ചു
വിശ്രമിക്കുന്ന കെ വി കെ ബാലേട്ടൻ വളരെ വികാരവായ്പോടെ ഈ സംഭവത്തെ വർണിക്കുന്നത് മറക്കാനാവില്ല.
ഇത് കഴിഞ്ഞാൽ ആണ് തെയ്യങ്ങൾ ഇറങ്ങുക. അത് കാണാനുള്ള
അവസരം മഞ്ഞുകാലം ആയതിനാൽ എനിക്കും ചേച്ചിക്കും കിട്ടില്ല. റോസും നീലയും സ്കാർ ഫുകളിൽ
പൊതിഞ്ഞ തലയുമായി ഞങ്ങൾ തിരിച്ചു വരും. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയാൽ എല്ലാ
കുടുംബക്കാരെയും കാണാം. പണ്ട് ക്ഷേത്രത്തിന്റെ വലതുഭാഗത്തായി വലിയൊരു മൺതിട്ടയുണ്ട്.
അവിടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള ഇരിപ്പിടം. ഉയരത്തിൽ ആയതിനാൽ ക്ഷേത്രമുറ്റത്തെ
കാഴ്ചകൾ നന്നായി കാണാൻ പറ്റും. ഇതിൻറെ തൊട്ടുപിറകിൽ ആണ് കളിപ്പാട്ട ബലൂൺ കച്ചവടക്കാർ
. അച്ഛൻ പെങ്ങളുടെ മകൻ ആയ സുനി സേമിയ ഐസും വാങ്ങി വരും. പനി തൊണ്ടവേദന വരുന്നത് കാരണം വേണ്ടാന്ന് വിഷമത്തോടെ പറയും. ശ്രീ പോർക്കലി ഭഗവതി
മുടിയേറ്റി കഴിഞ്ഞാൽ കോമരത്തോട് ഒത്ത് ചില ചടങ്ങുകൾ ഉണ്ട് . ചടങ്ങുകൾക്ക് അവസാനം കോമരത്തെ
താങ്ങി നിർത്തി ഭഗവതി അനുഗ്രഹിക്കും. അവസാനത്തെ ദൈവം ഉച്ചിട്ട ഭഗവതി ആണ് . അഗ്നികുണ്ഡം
‘മേലേരി’ എന്നറിയപ്പെടുന്ന ചിതയിലേക്ക് ഓടി ഇരിക്കും. ഈ ചടങ്ങിന് മുൻപേ കോമരം ഈ ചിതയിലേക്ക്
കയറിയിറങ്ങണം . പണ്ട് വല്യമ്മാവനും, അവരുടെ
മരണശേഷം അച്ഛൻറെ ജേഷ്ഠനായ നാണു മുത്തച്ഛനും ഈ കർമ്മം ചെയ്യുമ്പോൾ എന്റെമനസ്സിൽ
തീയായിരുന്നു. ഒരു പോറലും ഇല്ലാതെ അവർ പുറത്തേക്ക് വരുമ്പോൾ ആശ്വാസം വിശ്വാസം ആയി മാറും.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു.
നാടും മാറി. ഉറവകൾ ഒഴുകിയ എല്ലാ ഇടവഴികളും റോഡുകൾക്ക് വഴിമാറി. വണ്ണാൻകണ്ടിയിൽ കുറുക്കന്മാരുടെ ഓരിയിടൽ
കേൾക്കാതായി. ആണ്ടിപണിക്കർ മരിച്ചു. ലക്ഷ്മി ഏടത്തിയും മക്കളും വേറെ സ്ഥലത്തേക്ക് മാറി.
വാസു മൂത്തച്‌ഛന്റെ വയലിലെ വെള്ളം ഒഴുകിയിരുന്ന
ചാലുകൾ വറ്റിവരണ്ടു. കുളത്തിൽ നിന്നും തവളകൾ അപ്രത്യക്ഷമായി. വർഷങ്ങൾക്ക് ശേഷം വണ്ണാൻ കണ്ടിയിലെ ക്ഷേത്രം നാട്ടുകാരുടെയും കുടുംബക്കാരുടെയും
നേതൃത്വത്തിൽ പുനരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങി. 2018 ൽ ആ ശ്രമം സഫലമായി. സേവന സന്നദ്ധരായ
നാട്ടുകാരുടെ അക്ഷീണമായ പ്രയത്നവും പ്രവർത്തനമികവും പുതിയൊരു ക്ഷേത്രത്തിനും ആണ്ട്
തിറക്കും തുടക്കമിട്ടു. 2018 മെയ് ഒന്നു മുതൽ എട്ടു വരെയുള്ള തീയതികളിൽ ചന്ദ്രോത്ത്
ചാമുണ്ഡി ക്ഷേത്രത്തിൽ 37 വർഷങ്ങൾക്ക് ശേഷം തെയ്യങ്ങൾ നിറഞ്ഞാടി. നാട്ടിലുള്ള എല്ലാവരും
തിരിച്ചെത്തി. വിഷ്ണുമൂർത്തിയും രക്തേശ്വരി യും
ഗുളികനും കൈതചാമുണ്ഡിയും ആണ് പ്രധാന ദേവതമാർ . എടപ്പാടി കളരി ക്ഷേത്രത്തിലേക്ക് രക്തേശ്വരിയുടെ “മാർ” എഴുന്നള്ളിച്ചു കൊണ്ടു പോവുക
ഇവിടെ നിന്നാണെന്ന് മുത്തച്ഛനും അച്ഛനും പറയുന്നത് കേട്ടിട്ടുണ്ട്. നട്ടുച്ചക്ക് കൈതചാമുണ്ഡി
കൈതപറിക്കാനായി പാടത്തേക്കോടി. പണ്ട് മൂത്തമ്മ പറഞ്ഞ “വരവ്” ഇതുതന്നെയാണെന്ന് ഞാനും
തിരിച്ചറിഞ്ഞു . ആ വരവും ഓട്ടവും ഇതു തന്നെ ആയിരിക്കണം എന്നുള്ള വിശ്വാസം എന്നിൽ ഉണ്ടായി.
മണ്‍മറഞ്ഞു പോയ പൂർവികരും
കാലവും നമ്മളറിയാതെ നമ്മെ എന്തൊക്കെ പഠിപ്പിച്ചു. എല്ലാ മനുഷ്യരും ഗ്രാമവും ഉത്തരം
വിശ്വാസങ്ങളിലും മിത്തുകളിലും അല്ലേ മുന്നോട്ടു പോകുന്നത്.
No comments:
Post a Comment